Sports
മുഡബിദ്രി: ഹെപ്റ്റാത്തലണില്‍ സ്വര്‍ണം നേടിയ പാലക്കാടുകാരി കെ.എ. അനാമിക ഇനി പറക്കുക ചൈനയിലേക്ക്. ഹെപ്റ്റയില്‍ മൂന്നാംദിനംതന്നെ മുന്നിലായിരുന്ന അനാമിക, അവസാന ഇനമായ 800 മീറ്ററില്‍ മികച്ച വ്യത്യാസത്തില്‍ ഒന്നാമതെത്തിയായിരുന്നു സ്വര്‍ണം സ്വന്തമാക്കിയത്.
5158 പോയിന്റാണ് അനാമികയ്ക്കുള്ളത്. എസ്ആര്‍എം സര്‍വകലാശാലയില്‍ എംബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. പാലക്കാട് പെരിങ്ങോട്ടുകുറിശി കോട്ടായി സ്വദേശിയാണ് അനാമിക. കൊഴിഞ്ഞപറം അനീഷ്-സുമ ദമ്പതികളുടെ മകള്‍. പാലക്കാടുകാരനും സായിയിലെ മുന്കോച്ചുമായ അരുണ്‍ലാലാണ് പരിശീലകന്.
അരുണ്‍ലാല്‍ മുഖേനയാണ് പാലക്കാട് മേഴ്സി കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ അനാമിക എസ്ആര്‍എമ്മില്‍ എത്തിയത്.
12-ാമത് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പില്‍ പെന്റാത്തലണില്‍ മത്സരിക്കാനായി അനാമിക അടുത്ത മാസം ചൈനയിലേക്കു പറക്കും. ഫെബ്രുവരി ആറിന് ചൈനയിലെ ടിയാന്‍ജിനിലാണ് ഏഷ്യന്‍ ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പ്. ഫെബ്രുവരി മൂന്നിനു യാത്രതിരിക്കും.
ഹെപ്റ്റയില്‍ ഇന്ത്യയിലെ രണ്ടാം റാങ്കുകാരി എന്ന നിലയിലാണ് ഏഷ്യന്‍ ഇന്‍ഡോറിലേക്കു ക്ഷണമെത്തിയത്. കഴിഞ്ഞ വര്‍ഷവും സ്വര്‍ണം നേടിയിരുന്നു. ഓപ്പണ്‍ അത് ലറ്റിക്സിലും ഇന്റര്‍ സ്റ്റേറ്റിലും അനാമികയ്ക്കായിരുന്നു സ്വര്‍ണം. 5629 ആണ് മികച്ച പ്രകടനം.
International
ബെയ്ജിംഗ്: ദക്ഷിണകൊറിയൻ പ്രസിഡന്റ് ലീ ജേ മ്യുംഗ് ഞായറാഴ്ച ബെയ്ജിംഗിലെത്തി ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും.
ചൈന-ജപ്പാൻ ബന്ധം വഷളാകുന്ന പശ്ചാത്തലത്തിൽ ലീയെ ഷി ചിൻപിംഗ് ചൈനയിലേക്കു ക്ഷണിക്കുകയായിരുന്നു. ലീ 13, 14 തീയതികളിൽ ജപ്പാൻ സന്ദർശിക്കുന്നുണ്ട്.
International
വാഷിംഗ്ടൺ ഡിസി: മാറിയ ലോകക്രമത്തിലെ പുതിയ ശക്തികളെ ഉൾപ്പെടുത്തി കോർ-5 (സി-5) എന്നൊരു കൂട്ടായ്മയുണ്ടാക്കാൻ അമേരിക്കൻ പ്രസിഡന്റ ട്രംപ് ആലോചിക്കുന്നതായി റിപ്പോർട്ട്.
ഇന്ത്യ, അമേരിക്ക, റഷ്യ, ചൈന, ജപ്പാൻ എന്നീ അഞ്ചു രാജ്യങ്ങളായിരിക്കും കൂട്ടായ്മയിലുണ്ടാവുക.
വൻശക്തികളുടെ കൂട്ടായ്മയായ ജി-7ൽ അംഗത്വമുള്ള ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, ജർമനി, ഇറ്റലി രാജ്യങ്ങളും യൂറോപ്യൻ യൂണിയനും സി-5ൽ ഉണ്ടാവില്ലെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജി-7, ജി-20 കൂട്ടായ്മകളെപ്പോലെ സി-5ഉം പതിവായി യോഗങ്ങൾ ചേരും. പശ്ചിമേഷ്യാ സുരക്ഷയും ഇസ്രയേൽ-സൗദി ബന്ധം സാധാരണ നിലയിലാക്കലും ആയിരിക്കും ആദ്യ സി-5 ഉച്ചകോടിയുടെ അജൻഡയെന്നും പറയുന്നു.
International
സിയൂൾ (ദക്ഷിണ കൊറിയ): വ്യാപാരസംഘർഷങ്ങൾക്കിടയിൽ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തി. ദക്ഷിണ കൊറിയയിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ആറുവർഷത്തിനുശേഷമാണ് ഇരു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായി വ്യാപാര കരാറിൽ ധാരണയിലെത്തിയതായി യുഎസ് അറിയിച്ചു.
ചൈനയുമായി യുഎസിന് "നല്ല ബന്ധ'മാണ് ഉള്ളതെന്ന് ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റിനെ "മഹത്തായ രാജ്യത്തിന്റെ മഹാനായ നേതാവ്' എന്ന് പ്രശംസിച്ച ട്രംപ്, ഇരുപക്ഷവും ഇതിനകം നിരവധി കാര്യങ്ങളിൽ ധാരണയിലെത്തിയിട്ടുണ്ടെന്നും പറഞ്ഞു.
"യുഎസും ചൈനയും ഇതിനകം ഒരുപാട് കാര്യങ്ങളിൽ യോജിച്ചുകഴിഞ്ഞു. ഷി ഒരു മികച്ച രാജ്യത്തിന്റെ മികച്ച നേതാവാണ്, ദീർഘകാലം ഇരുരാജ്യങ്ങളും തമ്മിൽ നല്ല ബന്ധം ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നു. യുഎസിനൊപ്പം ചൈന ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയാണ്.' ട്രംപ് പറഞ്ഞു.
കൂടിക്കാഴ്ചയിൽ, പ്രധാന രാജ്യങ്ങൾ എന്ന നിലയിൽ ചൈനയ്ക്കും യുഎസിനും സംയുക്തമായി നിരവധി ഉത്തരവാദിത്തങ്ങൾ വഹിക്കാനും ഇരുരാജ്യങ്ങളുടെയും ലോകത്തിന്റെയും നന്മയ്ക്കായി കൂടുതൽ പ്രവർത്തിക്കാനും കഴിയുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി പറഞ്ഞു.
ഏഷ്യ-പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഷി ശനിയാഴ്ചവരെ ദക്ഷിണകൊറിയയിൽ തുടരും. വ്യാപാര സംഘർഷങ്ങൾ മുതൽ സാങ്കേതികവിദ്യ, നിർണായക ധാതുക്കൾ വരെയുള്ള വിവിധ വിഷയങ്ങൾ ചർച്ചയായെന്നാണ് റിപ്പോർട്ട്.
സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ നിർമാണത്തിന് അത്യാവശ്യമായ അപൂർവ ധാതുക്കളുടെ വ്യാപാരത്തിൽ ആധിപത്യം പുലർത്തുന്ന ചൈന, നിരവധി ചൈനീസ് കമ്പനികളെ വ്യാപാര കരിമ്പട്ടികയിൽപ്പെടുത്താനുള്ള വാഷിംഗ്ടണിന്റെ തീരുമാനത്തിന് മറുപടിയായി ധാതുക്കളുടെ കയറ്റുമതി നിയന്ത്രിച്ചിരുന്നു. ഇതേത്തുടർന്ന് സ്ഥിതിഗതികൾ സങ്കീർണമായിരുന്നു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. 2019 ൽ ജപ്പാനിലെ ഒസാക്കയിൽ നടന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കണ്ടത്.
International
ടിയാൻജിൻ: ഭീകരവാദം മാനവരാശിക്കാകെ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരസംഘടനകളെ ഷാംഗ്ഹായി സഹകരണ സംഘടന കൂട്ടമായി നേരിടണമെന്നും മോദി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാംഗ്ഹായ് സഹകരണ കൗൺസിൽ (എസ്സിഒ) അംഗങ്ങളുടെ സെഷനിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രാദേശിക സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയായി തീവ്രവാദം തുടരുന്നുവെന്ന് പറഞ്ഞ അദ്ദേഹം അതിർത്തി കടന്നുള്ള ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും ആഹ്വാനം ചെയ്തു.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഭീകരവാദത്തിന്റെ ഭാരം ഇന്ത്യ പേറുകയാണ്. അടുത്തിടെ, പഹൽഗാമിൽ തങ്ങൾ ഭീകരവാദത്തിന്റെ ഏറ്റവും മോശം വശം കണ്ടു. മാനുഷികതയിൽ വിശ്വസിക്കുന്ന ഏവർക്കുമെതിരായ ആക്രമണമാണ് പഹൽഗാമിൽ കണ്ടത്. ഈ ദുഃഖസമയത്ത് തങ്ങളോടൊപ്പം നിന്ന സുഹൃദ്രാജ്യങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്നും മോദി പറഞ്ഞു.
ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് അനുവദിക്കില്ലെന്ന് എസ്സിഒ ഉറച്ച നിലപാട് എടുക്കണം. ഇറാനിലെ ചാബഹാർ തുറമുഖം വ്യാപാര ബന്ധത്തിൽ നിർണായകമാണെന്നും മോദി പറഞ്ഞു.
അതേസമയം, ഷാംഗ്ഹായി സഹകരണ ഉച്ചകോടിക്ക് മുൻപായി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈന പ്രസിഡന്റ് ഷി ജിൻപിംഗും നരേന്ദ്രമോദിയും തമ്മിൽ ചർച്ച നടത്തിയിരുന്നു. ഫോട്ടോസെഷനു മുൻപായാണ് മൂന്നു നേതാക്കളും ചേർന്ന് ഹ്രസ്വചർച്ച നടത്തിയത്.
പുടിനെ കാണുന്നത് എപ്പോഴും ആഹ്ലാദകരമാണെന്നും ഷി ജിൻപിംഗുമായും പുടിനുമായും കാഴ്ചപ്പാടുകൾ പങ്കുവച്ചെന്നും മോദി ട്വിറ്ററിൽ കുറിച്ചു. പുടിനൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
അതേസമയം, പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുടിനും അവഗണിച്ചു. പാക് പ്രധാനമന്ത്രിക്ക് മുന്നിലൂടെയാണ് ഇരുവരും പോയത്. മോദി, ഷി, പുടിന് സംഭാഷണത്തിലും പാക് പ്രധാനമന്ത്രിയെ അവഗണിച്ചു.
Business
ന്യൂയോർക്ക്: ചൈനയുമായി യുഎസ് വ്യാപാരക്കരാർ ഒപ്പിട്ടുവെന്നും അടുത്തത് ഇന്ത്യയുമായിട്ടുള്ള ‘വളരെ വലിയ’കരാർ ആയിരിക്കാമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. തന്റെ സ്വപ്നമായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ വാക്കുകൾ. ജനീവയിൽ നടന്ന പ്രാഥമിക ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. പരസ്പരം ചുമത്തിയ താരിഫുകൾ കുറയ്ക്കാൻ ധാരണയായത് അവിടെവെച്ചാണ്. പിന്നീട് ലണ്ടനിലും ചർച്ചകൾ മുന്നോട്ടു പോയിരുന്നു. “എല്ലാവർക്കും ഒരു കരാറുണ്ടാക്കാനും അതിന്റെ ഭാഗമാകാനും ഇഷ്ടമാണ്. നിങ്ങൾക്ക് കരാറിൽ ഏർപ്പെടാൻ താത്പര്യമുള്ള ആരെങ്കിലുമുണ്ടോ എന്നാണ് ഏതാനും മാസം മുന്‍പ് മാധ്യമങ്ങൾ ചോദിച്ചിരുന്നത്. ഇന്നലെ നാം ചൈനയുമായി കരാർ ഒപ്പുവച്ചു. ചില മികച്ച ഡീലുകൾ വരുന്നുണ്ട്. അടുത്തത് ഇന്ത്യയുമായിട്ടുള്ളതാകാം. വളരെ വലുതാണത്’’, അദ്ദേഹം പറഞ്ഞു. എന്നാൽ എല്ലാ രാജ്യങ്ങളുമായും കരാറുകൾ ഉണ്ടാക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.
യുഎസുമായി കരാറിലേർപ്പെടാത്ത രാജ്യങ്ങൾക്ക് കനത്ത നികുതി ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. “നാം എല്ലാവരുമായും ഡീലുകൾ ഉണ്ടാക്കില്ല. ചിലർക്ക് നാം നന്ദി പറഞ്ഞുകൊണ്ടൊരു കത്തെഴുതും. 25, 35, 45 ശതമാനം നികുതി അവർ നൽകണം. അതാണ് ഏറ്റവും എളുപ്പമുള്ള വഴി. പക്ഷേ, എന്റെ ജനതയ്ക്ക് അങ്ങനെ ചെയ്യാൻ താത്പര്യമില്ല. അതിൽ അല്പമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്. പക്ഷേ ഞാൻ ഉണ്ടാക്കുന്നതിനേക്കാളും കൂടുതൽ ഡീലുകൾ ഉണ്ടാക്കാൻ അവർ അഗ്രഹിക്കുന്നു’’ ട്രംപ് പറഞ്ഞു. യുഎസ്-ചൈന കരാറിന്റെ വിശദാംശങ്ങളിലേക്ക് അദ്ദേഹം കടന്നില്ലെങ്കിലും, റെയർ എർത്ത് മൂലകങ്ങളുമായി ബന്ധപ്പെട്ടതാണിതെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
നിർണായക ധാതുക്കളുടെയും കാന്തങ്ങളുടെയും മേൽ ചൈന ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ മൂലം ഉണ്ടാകുന്ന കാലതാമസം യുഎസ് വ്യവസായങ്ങളെ (വാഹനം, പ്രതിരോധം, സാങ്കേതിക വിദ്യ) ബാധിക്കുന്നത് ഒഴിവാക്കാനും ധാരണയായെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവർ റെയർ എർത്ത് മൂലകങ്ങൾ നമുക്ക് കൈമാറുന്പോൾ അവർക്കുമേൽ നമ്മൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നീക്കുമെന്ന് യുഎസ് കൊമേഴ്സ് സെക്രട്ടറി ഹോവാർഡ് ലുത്നിക് പറഞ്ഞു. ഇന്ത്യയുമായി വരാനിരിക്കുന്ന കരാറിനെക്കുറിച്ചും ഈ മാസത്തിന്റെ തുടക്കത്തിൽ ലുത്നിക് സംസാരിച്ചിരുന്നു. ശുഭാപ്തി വിശ്വാസത്തിലാണെന്ന പറഞ്ഞ അദ്ദേഹം, കരാർ ഇരുരാജ്യങ്ങൾക്കും ഗുണകരമാകുന്ന തരത്തിലായിരിക്കുമെന്ന സൂചനയും നൽകിയിരുന്നു.
ജൂലൈ ഒന്പതിനു കരാറുണ്ടാക്കാൻ നീക്കം
വാഷിംഗ്ടൺ ഡിസി: കൊമേഴ്സ് ഡിപ്പാർട്ട്മെന്റിലെ പ്രത്യേക സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം വ്യാപാര ചർച്ചകളുടെ അടുത്ത ഘട്ടത്തിനായി യുഎസിലെത്തിയ ദിവസംതന്നെയാണ് ഇന്ത്യയുമായു ള്ള കരാറിനെ ക്കുറിച്ച് ട്രംപിന്റെ പ്രഖ്യാപനവും. ഇടക്കാല വ്യാപാരക്കരാറിനായുള്ള ചർച്ചകളിലാണ് ഇന്ത്യയും യുഎസും. ജൂലൈ ഒൻപതിന് മുൻപ് അന്തിമ ഉടന്പടിയുണ്ടാക്കാനാണ് നീക്കം. യുഎസിന് ഡ്യൂട്ടി ഇളവുകൾ നൽകാൻ ഇന്ത്യ മടിക്കുന്നത് കാർഷിക, ഡെയറി മേഖലകളിലാണ്. വാഹനങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ, വൈനുകൾ, ആപ്പിളുകൾ, ജനിതക മാറ്റം വരുത്തിയ കാർഷിക വിളകൾ എന്നിവയ്ക്കാണ് യുഎസ് ഡ്യൂട്ടി ഇളവുകൾ ആവശ്യപ്പെടുന്നത്. കായികാധ്വാനം വളരെയേറെ ആവശ്യമുള്ള ടെക്സ്റ്റൈൽ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, പ്ലാസ്റ്റിക്ക്, രാസവസ്തുക്കൾ, മുന്തിരി, വാഴപ്പഴം, ചെമ്മീൻ എന്നിവയ്ക്ക് ഇളവ് ലഭിക്കണമെന്നതാണ് ഇന്ത്യയുടെ ആവശ്യം. ഒക്ടോബറോടുകൂടി ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യ ഘട്ടത്തിനായുള്ള ചർച്ചകൾ അവസാനിപ്പിക്കാനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം. 2030 ആകുന്നതോടെ ഉഭയകക്ഷിവ്യാപാരം നിലവിലെ 191 ബില്യണിൽനിന്ന് 500 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനുള്ള പദ്ധതിയാണിത്.